Saturday, September 20, 2008

വൃത്താന്തവിശേഷം.

അതിരാവിലെ കാപ്പികളെല്ലാം കുടിച്ച് പത്രങ്ങളെല്ലാമെടുത്ത്
നടുനിവര്‍ത്തിനോക്കുമ്പോള്‍ കാണുന്ന കാഴ്ചകളെന്തര് !
എവിടെത്തിരിഞ്ഞൊന്നു വായിച്ചാലും കിടുകിടിലന്‍ വാര്‍ത്തകള് !
കണ്ണുതള്ളിയിരിക്കാന്‍ ബഹുരസം.

പെണ്‍പണത്തിന്റെ ബാക്കികിട്ടാത്തതിനു വരനൊരുത്തന്‍
വധുവിന്റെ മൂക്കും മുലയും ചെത്തി
അവളെയവളുടെയച്ഛന്റെ ലങ്കയിലേക്ക് തിരിച്ചയച്ചത്രെ!
ചൊല്ലിയാലറിയാത്തവള്‍ പൊള്ളുമ്പോളറിയട്ടെ

നട്ടെല്ലില്ലാത്തനാവുള്ള നാട്ടുമക്കള് പറഞ്ഞതുകേട്ട്
വേറൊരുവല്ലഭനവന്റെ പെണ്ണിനെ തീയില്‍ചാടിച്ചത്രെ!
സതിയാകാതെ ശീലാവതി സീതയായ് തിരുമ്പി വന്താള്‍.
തീതിന്നുന്നത്‌ തങ്ങള്‍ക്കു പുത്തരിയോ തിരുവോണമോ
അല്ലെന്നാമക്കള് പുച്ഛിച്ചത്രെ.
പുല്ലും വില്ലാക്കുന്ന വല്ലഭാ, താനൊക്കെ വെറും പുല്ല്;
ഞങ്ങള്‍ക്ക് പല്ലുംനഖവുമായുധം.


ഫീസൊടുക്കാതെ വിദ്യ നേടാന്‍ തുനിഞ്ഞൊരു
ദളിതവിരുതന്റെ പെരുവിരല്‍
സാറന്മാരിലൊരാള്‍ തറിച്ചുകളഞ്ഞത്രെ!
ഇനിയിവനൊക്കെപ്പഠിച്ച്,കെ. ആര്‍. നാരായണനായിട്ടുവേണം
ഭാരതം ഭരിക്കാന്‍!

അഞ്ചുപേരുടെകൂടെ ഒന്നിച്ചുപൊറുക്കുന്നുവെന്നുപറഞ്ഞ്
മന്ത്രികളിലൊരുപുംഗവന്‍ നാല്‍ക്കവലയില്‍വെച്ചൊരു
പെണ്‍മക്കളുടെ ഉടുമുണ്ടുരിഞ്ഞെടുത്തത്രേ!
കണ്ടുനിന്ന മാന്യമക്കളിലൊരുത്തനും
ചൂണ്ടുവിരലുകളുപോയിട്ട് ചെറുവിരലുകളുപോലുമനക്കിയില്ലത്രെ.

നാടൊട്ടുക്ക് സദ്യവിളിച്ചിട്ട്
തന്നെമാത്രം ക്ഷണിക്കാത്തതിന് ഒരു പെണ്‍കൊടി
അച്ഛന്‍വീട്ടില്‍‌ച്ചെന്നു, മാറുംമോറുംതല്ലി, സതിയായിപോല്‍.
അതറിഞ്ഞവളുടെ കണവന്‍
അമ്മായിയപ്പനെയടിച്ച് അജപരുവമാക്കിപോല്‍.
അങ്ങാടിക്കണക്കറിയാതെ, പുല്ലുകള് തിന്നും വെള്ളങ്ങള് കുടിച്ചും
ആട് മാടായിട്ടലയുന്നുപോല്‍...

അമ്മമാനെങ്കിലും അഹങ്കാരമേറിയാല്‍
അടിച്ച് തലപൊളിക്കണമെന്ന് പറഞ്ഞൊരു മരുമക്കള്
പുരയില്‍കയറി മാമനെയടിച്ചുകൊന്നത്രെ.

കോട്ടയത്തും കോഴിക്കോട്ടുമൊന്നും മക്കളാരും
ഐസ്ക്രീംകഴിക്കുന്നില്ലപോലും;
പ്രത്യേകിച്ച് പെണ്മക്കള് .
പെറ്റുവീഴുന്ന മക്കള്‍ക്കാര്‍ക്കുമിപ്പോള്‍
കുഞ്ഞാലിയെന്നൊ ജോസെഫെന്നോ പേരിടുന്നില്ല.
ഞാന്‍ കുഞ്ഞാലിയല്ല, മരയ്ക്കാര്‍ മാത്രമാണെന്ന്
കുഞ്ഞാലിമരയ്ക്കാരും ഗാമയോടു കരഞ്ഞത്രെ.

താനൊരു കമ്മ്യൂണിസ്റ്റല്ലെടൊ എന്നാരോ
ഒരു സഖാവിനോട് ചോദിച്ചപ്പോള്‍,
താനേത് കോത്താഴത്തുകാരനാടോ,
ഞാനൊരു നവലിബറല്‍ ഷെഗുവേരയാണെന്നയാള്‍ മറുപടി മൊഴിഞ്ഞത്രെ.

വൃത്താന്തങ്ങള്‍ ഇനിയുമുണ്ട്;
അത് പ്രാതലിനാകാം.
തിന്നുമ്പോള്‍ കടുരസമുള്ളതെന്തെങ്കിലും വേണ്ടെ?

No comments: