Sunday, September 21, 2008

ഭയചകിതം.

മുട്ടേണ്ട, വാതില്‍ തുറക്കില്ല
മുട്ടുന്നതാരെന്നറിയാതെ.

പേപിടിച്ചോടുന്ന കാറ്റോ,
പിശാചോ
പാതകം ചെയ്യാനൊരുങ്ങിപ്പുറപ്പെട്ട
കൂലിക്കെടുത്ത കൊലയാളിനായ്ക്കളോ,
പാത പിഴച്ചൊരു പാന്ഥനോ,
യാച്ചകപ്പരിഷയോ,
ചോരനോ,
ചോരനെത്തേടിയിറങ്ങിയ പൊലിസുകാരനോ,
പക്കത്തെവീട്ടിലെ
പ്പാര്‍ട്ടിയോ,
വീതം പിരിക്കാനിറങ്ങിയ കടക്കാര്‍ഡു ബ്രോക്കറോ?

ജോലിയും ജാതിയും നാളും മുഹൂര്‍ത്തവും
യോജിച്ചുവന്നാല്‍ കഴിക്കാം വിവാഹമെ-
ന്നൌദാര്യപൂര്‍വ്വം മൊഴിഞ്ഞവന്‍
കാമുകന്‍ തെണ്ടിയോ?
ആണ്‍കോയ്മതന്നഹങ്കാരം സഹിക്കാതെ
ആത്മാഹുതിചെയ്ത ലെസ്‌ബിയന്‍ മിത്രമോ?
കാവിയില്‍ കാമമൊളിപ്പിച്ച സ്വാമിയോ?
ആരാണു മുട്ടുന്നു വാതിലില്‍?

കാലം കടുംകലികാലം;
കണ്ണില്‍ പ്പെടുന്നതും, കാലില്‍തൊടുന്നതും
കാതില്‍വീഴുന്നതുമെല്ലാം
അപായം, ഭയാവഹം.
കൊട്ടിയടച്ചതാം വാതിലിനിപ്പുറം
മുട്ടുമാരെങ്കിലുമെന്ന ഭയപ്പാടില്‍
മുട്ടുവിറച്ചിരിക്കുന്നു ഞാന്‍, ഏകാകി...

മുട്ടേണ്ട, വാതില്‍ തുറക്കില്ല
മുട്ടുന്നതാരെന്നറിഞ്ഞുവെന്നാകിലും.

സി.എം.രാജന്‍.


Saturday, September 20, 2008

വൃത്താന്തവിശേഷം.

അതിരാവിലെ കാപ്പികളെല്ലാം കുടിച്ച് പത്രങ്ങളെല്ലാമെടുത്ത്
നടുനിവര്‍ത്തിനോക്കുമ്പോള്‍ കാണുന്ന കാഴ്ചകളെന്തര് !
എവിടെത്തിരിഞ്ഞൊന്നു വായിച്ചാലും കിടുകിടിലന്‍ വാര്‍ത്തകള് !
കണ്ണുതള്ളിയിരിക്കാന്‍ ബഹുരസം.

പെണ്‍പണത്തിന്റെ ബാക്കികിട്ടാത്തതിനു വരനൊരുത്തന്‍
വധുവിന്റെ മൂക്കും മുലയും ചെത്തി
അവളെയവളുടെയച്ഛന്റെ ലങ്കയിലേക്ക് തിരിച്ചയച്ചത്രെ!
ചൊല്ലിയാലറിയാത്തവള്‍ പൊള്ളുമ്പോളറിയട്ടെ

നട്ടെല്ലില്ലാത്തനാവുള്ള നാട്ടുമക്കള് പറഞ്ഞതുകേട്ട്
വേറൊരുവല്ലഭനവന്റെ പെണ്ണിനെ തീയില്‍ചാടിച്ചത്രെ!
സതിയാകാതെ ശീലാവതി സീതയായ് തിരുമ്പി വന്താള്‍.
തീതിന്നുന്നത്‌ തങ്ങള്‍ക്കു പുത്തരിയോ തിരുവോണമോ
അല്ലെന്നാമക്കള് പുച്ഛിച്ചത്രെ.
പുല്ലും വില്ലാക്കുന്ന വല്ലഭാ, താനൊക്കെ വെറും പുല്ല്;
ഞങ്ങള്‍ക്ക് പല്ലുംനഖവുമായുധം.


ഫീസൊടുക്കാതെ വിദ്യ നേടാന്‍ തുനിഞ്ഞൊരു
ദളിതവിരുതന്റെ പെരുവിരല്‍
സാറന്മാരിലൊരാള്‍ തറിച്ചുകളഞ്ഞത്രെ!
ഇനിയിവനൊക്കെപ്പഠിച്ച്,കെ. ആര്‍. നാരായണനായിട്ടുവേണം
ഭാരതം ഭരിക്കാന്‍!

അഞ്ചുപേരുടെകൂടെ ഒന്നിച്ചുപൊറുക്കുന്നുവെന്നുപറഞ്ഞ്
മന്ത്രികളിലൊരുപുംഗവന്‍ നാല്‍ക്കവലയില്‍വെച്ചൊരു
പെണ്‍മക്കളുടെ ഉടുമുണ്ടുരിഞ്ഞെടുത്തത്രേ!
കണ്ടുനിന്ന മാന്യമക്കളിലൊരുത്തനും
ചൂണ്ടുവിരലുകളുപോയിട്ട് ചെറുവിരലുകളുപോലുമനക്കിയില്ലത്രെ.

നാടൊട്ടുക്ക് സദ്യവിളിച്ചിട്ട്
തന്നെമാത്രം ക്ഷണിക്കാത്തതിന് ഒരു പെണ്‍കൊടി
അച്ഛന്‍വീട്ടില്‍‌ച്ചെന്നു, മാറുംമോറുംതല്ലി, സതിയായിപോല്‍.
അതറിഞ്ഞവളുടെ കണവന്‍
അമ്മായിയപ്പനെയടിച്ച് അജപരുവമാക്കിപോല്‍.
അങ്ങാടിക്കണക്കറിയാതെ, പുല്ലുകള് തിന്നും വെള്ളങ്ങള് കുടിച്ചും
ആട് മാടായിട്ടലയുന്നുപോല്‍...

അമ്മമാനെങ്കിലും അഹങ്കാരമേറിയാല്‍
അടിച്ച് തലപൊളിക്കണമെന്ന് പറഞ്ഞൊരു മരുമക്കള്
പുരയില്‍കയറി മാമനെയടിച്ചുകൊന്നത്രെ.

കോട്ടയത്തും കോഴിക്കോട്ടുമൊന്നും മക്കളാരും
ഐസ്ക്രീംകഴിക്കുന്നില്ലപോലും;
പ്രത്യേകിച്ച് പെണ്മക്കള് .
പെറ്റുവീഴുന്ന മക്കള്‍ക്കാര്‍ക്കുമിപ്പോള്‍
കുഞ്ഞാലിയെന്നൊ ജോസെഫെന്നോ പേരിടുന്നില്ല.
ഞാന്‍ കുഞ്ഞാലിയല്ല, മരയ്ക്കാര്‍ മാത്രമാണെന്ന്
കുഞ്ഞാലിമരയ്ക്കാരും ഗാമയോടു കരഞ്ഞത്രെ.

താനൊരു കമ്മ്യൂണിസ്റ്റല്ലെടൊ എന്നാരോ
ഒരു സഖാവിനോട് ചോദിച്ചപ്പോള്‍,
താനേത് കോത്താഴത്തുകാരനാടോ,
ഞാനൊരു നവലിബറല്‍ ഷെഗുവേരയാണെന്നയാള്‍ മറുപടി മൊഴിഞ്ഞത്രെ.

വൃത്താന്തങ്ങള്‍ ഇനിയുമുണ്ട്;
അത് പ്രാതലിനാകാം.
തിന്നുമ്പോള്‍ കടുരസമുള്ളതെന്തെങ്കിലും വേണ്ടെ?

Friday, September 19, 2008

കണ്ണാടിയും കണ്ണടയും.

കണ്ണടവെക്കുന്നത് അപരനെക്കാണാന്‍.
കണ്ണാടിനോക്കുന്നതോ
അവനവനെക്കാണാന്‍.

കണ്ണാടിനോക്കുമ്പോള്‍ കണ്ണടയരുത്.
അവനവനെ കേവലതയില്‍ കാണാന്‍
നേത്രം നഗ്നമായേ തീരു.
അതിനാലാണ് മഹാവീരന്‍
നേത്രം മാത്രമല്ല, ദേഹംതന്നെ നഗ്നമാക്കിയത്.

ആത്മദര്‍ശനം പോലല്ല
അപരദര്‍ശനം.
ആയതിന് കണ്ണാടയനിവാര്യം.

ഹിതാനുസരണേന, പക്ഷെ, കണ്ണടകള്‍ മാറ്റിവെക്കാം.
ഗാന്ധിയുടെ ധര്‍മ്മക്കണ്ണടയാകാം.
നെഹ്രുവിന്റെ സോഷ്യലിസ്റ്റുകണ്ണടയാകാം.
മന്‍മോഹന്റെ സ്വതന്ത്രവിപണിയുടെ
ഉദാരക്കണ്ണടയാകാം.
കാരാട്ടിന്റെ ഇടതുകണ്ണടയോ
മേധയുടെ പെണ്‍കണ്ണടയോ വെക്കാം.

കണ്ണാടിനോക്കുമ്പോള്‍, പക്ഷെ, കണ്ണട മാറ്റുക.

കണ്ണാടിയില്‍ തന്നെ പൂര്‍ണമായുംകണ്ടാല്‍
പിന്നെ കണ്ണട വേണ്ട.
അവനവനെകണ്ടാല്‍പ്പിന്നെ
അപരനിലും അവനവനെയേ കാണു.

അവനവനെക്കാണാന്‍ കണ്ണട വേണ്ടല്ലോ.

കൂടണയുമ്പോള്‍

മേല്‍മുഴുവന്‍ പൊടിയും ചെളിയുമായി
മകന്‍ യാത്രകഴിഞ്ഞു മടങ്ങിയെത്തുന്നു.
അമ്മ ഒരു കുളിനീര്‍ക്കുളമാകുന്നു.


അവന്‍ അവളില്‍ മുങ്ങിനീരുമ്പോള്‍
കറതീര്‍ന്നൊരു കനകചന്ദ്രന്‍.
അവളോ-
അവള്‍ ചന്ദ്രോദയംകണ്ട കടല്‍.


വഴിയില്‍ അവനടക്കിനിര്‍ത്തിയ വിശപ്പൊക്കെയും
പെരുവാ പിളര്‍ക്കുന്നു.
അമ്മ ഒഴിഞ്ഞാലുമൊഴിയാത്ത അക്ഷയപാത്രമാകുന്നു.
ഒരുകീറ് ചീരയിലകൊണ്ടവള്‍
മകന്റെ ജഠരാഗ്നിയടക്കുന്നു.


പിന്നെ മകനുറങ്ങുമ്പോള്‍
അമ്മ ദു;സ്വപ്നങ്ങള്‍ കാണുന്നു.
വഴികളിലവന്‍കണ്ട ചോരമുഴുവന്‍
കണ്ണീര്‍കൊണ്ടു കഴുകുന്നു.


രാപ്പകല്‍ ചൂതാടുന്ന ഹസ്ടിനപുരങ്ങള്‍;
അച്ഛനമ്മമാരുടെ ആര്‍ത്തിതീര്‍ക്കാന്‍
ജരാനരകളേറ്റുവാങ്ങുന്ന ;
വാണിഭക്കാര്‍ സ്വയംവില്‍ക്കുന്നചന്തകള്‍;
തന്നെവിറ്റിട്ടും ചോറുകിട്ടാതെ
കുഞ്ഞുങ്ങളെ വിറ്റുതിന്നുന്ന ഗ്രാമങ്ങള്‍;

ദൈവങ്ങളുടെ ചതുരംഗം;
കറുപ്പുംവെളുപ്പുമായി ചേരിതിരിയുന്ന കരുക്കള്‍;
കളംതെറ്റുന്ന കളികള്‍;
കരുക്കളുടെ ഭ്രാതൃഹത്യകള്‍;
ആനയും തേരും കുതിരയും കാലാളും
കൊന്നുതീരുമ്പോള്‍മാത്രം രാജിയാകുന്ന രാജാക്കള്‍.


മകനുണരുമ്പോള്‍
അമ്മ ഉറങ്ങുന്നു.
കൈതവത്തിന്റെ കടലില്‍
ഒന്നുമറിയാത്ത പച്ചത്തുരുത്തുപോലെ
എന്നവന്‍ അനുതപിക്കുന്നു.
ചേരുമരക്കാടുകളില്‍ വഴിയറിയാത്ത കുട്ടിയെപ്പോലെ
എന്നമ്മ ഉറക്കത്തില്‍
കര്‍ക്കിടകത്തിലെകടല്‍പോലെ പുലമ്പുന്നു.


പിന്നെ മകനിറങ്ങുമ്പോള്‍
വെയിലിറങ്ങുന്നു.
സന്ധ്യയുമിരുട്ടും വീടണയുന്നു.
അമ്മ വിളക്കുവെക്കുന്നു.
"ദീപം, ദീപം."



Thursday, September 18, 2008

ഓര്‍ക്കരുത്!

മഹാത്മാ എന്നു മൊഴിയുമ്പോള്‍
ഗുരുദേവിന്റെ ഗാന്ധിയെയോര്‍ക്കും;
ഫൂലെയെ ആരോര്‍ക്കും?
ഒക്ടോബര്‍രണ്ടു വരുമ്പോള്‍
ശാസ്ത്രി യെന്ന് ഓര്‍ക്കാറില്ലല്ലോ!
ഓര്‍ക്കരുത് !
ഓര്‍ത്താല്‍ ദളിതനുംദരിദ്രനും മനം കലക്കും.

നാരായണാ എന്ന് നമസ്ക്കരിക്കുമ്പോള്‍
ഗുരു നാരായണനെയാരോര്‍ക്കാന്‍ ?
നരനാം നാരായണനെയും?
ഓര്‍ക്കരുത്!
ഓര്‍ത്താല്‍ മനുഷ്യനായിപ്പോകും.

അയ്യപ്പാ എന്ന് ശരണം വിളിക്കുമ്പോള്‍
സഹോദരനെ ഓര്‍ക്കാറില്ലല്ലോ .
ഓര്‍ത്താല്‍ സെക്കുലര്‍സ്സ്വാമിയായിപ്പോകില്ലേ?

വിജയന്‍ എന്നുപറയുമ്പോള്‍
പിണറായിയെന്നല്ലാതെ
പാര്‍ത്ഥനെന്നുവരുമോ?
ഒവിയോ എമ്മനൊ ആകുമോ?
(
എംഎന്‍ നമ്പ്യാരല്ല;
നമ്പ്യാരെന്നാല്‍ കുഞ്ചനുമല്ല.)
ആകരുത്!
മറിച്ചായാല്‍ സഹൃദയനായിപ്പോകും.

പാഞ്ചാലിയെന്നാല്‍ പടുവേശ്യയെന്നല്ലാതെ
പതിവ്രതയെന്നു വിചാരിക്കരുത്.
വിചാരിച്ചാല്‍ പെണ്ണുങ്ങളെ വിശ്വസിച്ചുപോകും;
സ്നേഹിച്ചുപോകും.

തമ്പുരാനെന്നാദരിക്കുമ്പോള്‍
ശക്തനെയോര്‍ക്കാം;
കുഞ്ഞിക്കുട്ടനെയരുത്.
സരസനായിപ്പോകും.

കുഞ്ഞാലിയെന്നോര്‍ക്കുമ്പോള്‍
കുട്ടിയെന്നല്ലാതെ
മരക്കാരെന്നേത് വിഡ്ഢിയോര്‍ക്കും?
ഓര്‍ത്താല്‍ അഭിമാനിയായ് പ്പോകില്ലേ?

ഓര്‍മ്മകളിങ്ങനെ ചേറിപ്പെറുക്കി
കതിരും പതിരും തിരിക്കാന്‍കഴിയുന്നത്‌
ഭാഗ്യം!


Wednesday, September 17, 2008

ഓണവിചാരം

മാവേലി വാഴുന്ന ദേശമല്ലെങ്കിലും
മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും
ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ-
രീണം മുഴങ്ങുമിപ്പോഴും.


തുമ്പി തന്‍ വര്‍ണങ്ങള്‍;
തുമ്പ തന്‍ പാല്‍ച്ചിരി;
ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു
നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍;
ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍;
ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ-
യപ്പോഴും പൊന്‍കാന്തി പോകാതിളംവെയില്‍.


ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും
പച്ചക്കരയുള്ള തോടും കുളങ്ങളും
ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും
സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും
പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും


കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു-
മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും
ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും
അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി
പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും
രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ്
നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും

ഓണംവരുമ്പോള്‍ മനസ്സിലൊരായിരം
ഓര്‍മകള്‍ ഓണമായെത്തുമന്നൊക്കെ-
യോണം സമൃദ്ധിതന്‍ഹര്‍ഷപ്രതീകം.


കാലം കൃഷിയുഗ, മന്നുള്ള ജീവിതം
കൂട്ടുകുടുംബത്തിലല്ലോയധിഷ്ടിതം.
ഇന്നു വിജ്ഞാനയുഗമെല്ലാറ്റിനും
പേപിടിപ്പിക്കുന്ന വേഗവും താളവും.
തങ്ങളില്‍ത്തങ്ങളില്‍ നേരിട്ടുകാണാതെ
ബന്ധപ്പെടുന്നവരായ് വിശ്വമാനവര്‍.
വെബ്ബിലൂടെത്തുന്ന രൂപവും ഭാഷയും
വ്യക്തം നിഴല്‍ക്കൂത്തുപോലായി ജീവിതം .

മയയാമീമഹാവിശ്വത്തിലതിലേറെ
മയമായ് മാറി മനുഷ്യ ന്റെജീവിതം.
ഇന്നന്യരാജ്യം സ്വദേശം, സ്വരാജ്യമോ
അന്യദേശംപോലോരവ്യക്ത ഭൂപടം.
എങ്കിലുമോണം വരുംപോഴൊരായിരം
ഓര്‍മകളൊന്നിച്ചുണരുന്നു മാനസേ.
ലക്കുകേട്ടോടുന്ന ജീവിതംപെട്ടെന്ന്‌
നിശ്ചലമായോരുമാത്ര നിന്നുപോം.

സംവല്‍സരത്തിലൊരിക്കലാണെങ്കിലും
സന്തോഷ മേകാന്‍വരും തിരുവോണമേ
മുങ്ങിക്കുളിച്ചുതൊഴുന്നൂ സവിസ്തരം
ഭംഗിമങ്ങാതെയിരിക്കട്ടെയോര്‍മകള്‍.